ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

കാപട്യം നിറഞ്ഞ ലോകം

കർത്താവിൻ നിർമ്മലമാം വാഗ്ദാനങ്ങൾ
ഉലയിലൂതിയ വെള്ളി പോലെ ശുദ്ധമാകുന്നു.

കർത്താവെ ഞങ്ങളോട് കരുണയാകണമേ.
ദൈവഭക്തർ ഇല്ലാതെ ആയിരിക്കുന്നു
മർത്യരിൽ വിശ്വസ്തരും ഇല്ലാതെയാകുന്നു
കർത്താവെ ഞങ്ങളോട് കരുണയാകണമേ

അന്യോന്യം കളവ്പറയും അയൽക്കാരന്മാർ..
മുഖസ്തുതിയിൽ പെരുമ തേടും കപട ഹൃദയന്മാർ..
മുഖസ്തുതിയും വമ്പ്പറയും നാവുകളെല്ലാം
എന്റെ ദൈവം വിഛേദിക്കാൻ ഇടയാകട്ടെ

നാവുകൊണ്ട് ജയിക്കും എന്നവരു പറയുന്നു
അധരങ്ങൾ തുണയുണ്ടെന്നഹങ്കരിക്കുന്നു..
ആരു ഞങ്ങളെ നിയന്ത്രിക്കാനാരുമില്ലെന്ന്
അഹങ്കാരത്തോടെ ദുഷ്ടഹൃദയർ ചൊല്ലുന്നു..

ദരിദ്രന്മാർ ചൂഷണത്തിനു ഇരയാകുമ്പോൾ
പാവപ്പെട്ടർ നെടുവീർപ്പോടെ കരഞ്ഞീടുമ്പോൾ
ആശിക്കുന്ന അഭയം ഞാൻ അവർക്ക് നൽകും
എന്നരുളും കർത്താവാണെൻ അഭയകേന്ദ്രം

കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ!
ഈ ദുഷ്ടതലമുറയില്‍ നിന്നു കാത്തുകൊള്ളണമേ.
ദ്രോഹികളെ ആദരിക്കും ദുഷ്ടരിൽ നിന്നും
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണലമേ...